ദേവരാജ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന അവസ്ഥ ടീമിന്റെ പുതിയ എപ്പിസോഡാണ് രാജേഷിന്റെ മോറട്ടോറിയം. 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ എപ്പിസോഡ് ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഒരു കാര്യത്തെ വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അവസ്ഥ ദി സിറ്റുവേഷൻ എന്ന യൂ ട്യൂബ് ചാനലിലാണ് 19മത്തെ എപ്പിസോഡ് പുറത്തിറങ്ങിയിരിക്കുന്നത്.
പുതിയ എപ്പിസോഡ് പ്രേക്ഷകർ ഇതിനോടകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൊറോണയുടെ കടന്ന് വരവ് മൂലം ജോലി എല്ലാം നഷ്ടപ്പെട്ട് ലോൺ അടക്കാൻ സാധിക്കാതെ ഇരിക്കുന്ന യുവാവിനെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ലോൺ എടുത്ത ഏതൊരു വ്യക്തിയും ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള അവസ്ഥ തന്നെയാണ് അവസ്ഥ ടീം റിയലിസ്റ്റിക്കായി കാണിച്ചു തന്നിരിക്കുന്നത്. പ്രദീപ് ബാലൻ, സി.ടി കബീർ, ദേവരാജ് ദേവ്, തുളസി കല്ലേരി, ഉമേഷ്, ജിത്തു, നിതിൻ, സഫിയ തുടങ്ങിയവർ അവസ്ഥ സീരീസിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അഷ്റഫാണ് സീരിസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലെ മികച്ച കോമഡി സീരിസുകളിൽ ഒന്നായി അവസ്ഥ മുന്നേറി കൊണ്ടിരിക്കുകയാണ്.