സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പവർസ്റ്റാർ. കോമഡി സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷൻ ചിത്രം കൂടിയാണ് പവർ സ്റ്റാർ. ഒരുകാലത്ത് സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ ആക്ഷൻ ഹീറോയായ ബാബു ആന്റണിയാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണിയുടെ ഒരു വമ്പൻ തിരിച്ചു വരവാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒമർ ചിത്രം പവർ സ്റ്റാറിൽ ഹോളിവുഡിൽ നിന്ന് ഒരു സൂപ്പർസ്റ്റാർ ഉണ്ടായിരിക്കുമെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.
ആക്ടർ,ഡയറക്ടർ,പ്രൊഡ്യൂസർ,കഥാകൃത്ത് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഹോളിവുഡ് സൂപ്പർതാരം ലോയിസ് മാഡിലോർ പവർ സ്റ്റാറിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് ഒമർ ലുലു ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയായിരിക്കും പവർ സ്റ്റാർ. 2019ൽ പുറത്തിറങ്ങിയ റാംബോ ലാസ്റ്റ് ബ്ലഡ് , മേഴ്സിനറി, ഡബ്റ്റ് കലക്ടർ 2 എന്നീ ചിത്രങ്ങളിൽ ലോയിസ് മാഡിലോർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ബാബു ആന്റണി – ഒമർ ലുലു ആദ്യമായി ഒന്നിക്കുന്ന പവർ സ്റ്റാറിന്റെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.