അന്ന ബെൻ അഭിനയിച്ച കപ്പേളയ്ക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനേതാവ് കൂടിയായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ ഇതാ ‘കപ്പേള’യെകുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ‘മക്കൾ സെൽവൻ’ വിജയ് സേതുപതി. ചിത്രം തന്നെ ഏറെ സ്വാധീനിച്ചു എന്നും ഈ lockdown കാലയളവിൽ താൻ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് ‘കപ്പേള’ എന്നും വിജയ് സേതുപതി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ എല്ലാ പ്രധാന റിലീസുകളും താൻ കാണുന്നുണ്ടെന്നും വിജയ് സേതുപതി അഭിമുഖത്തിൽ വെളിപ്പെടുത്തി.
നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശങ്ങൾ അടുത്തിടെ വിറ്റിരുന്നു. അല്ലു അർജുൻ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ‘അല വൈകുണ്ഠപുരമല്ലോ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളായ സിതാര എന്റർടൈൻമെന്റ്സ് ആണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് അവകാശം കൈവശമാക്കിയിരിക്കുന്നത് എന്നതാണ് ഇതിൽ ശ്രദ്ധേയം. ‘കപ്പേള’യുടെ നിർമ്മാതാവ് വിഷ്ണു വേണു തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പ്രൊഫൈലിലൂടെയാണ് മലയാള സിനിമയ്ക്ക് ഏറെ സന്തോഷകരമായ ഈ വിവരം പ്രഖ്യാപിച്ചിരിക്കുന്നത്.
2020-ൽ തിയേറ്ററുകളിൽ എത്തിയതിൽ ഏറ്റവും കൂടുതൽ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ മലയാളം ചിത്രമാണ് കപ്പേള. 2020 മാർച്ചിൽ ചിത്രം റിലീസ് ചെയ്തിരുന്നു എങ്കിലും കോവിഡ് ഭീഷണി കാരണം തിയെറ്ററുകൾ അടച്ചുപൂട്ടിയപ്പോൾ ചിത്രം പിൻവലിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഹിന്ദി, തമിഴ്, കന്നഡ, മറാത്തി എന്നിവയുൾപ്പെടെ മറ്റ് പല ഭാഷകളിൽ നിന്നുള്ള ചില പ്രമുഖ പ്രൊഡക്ഷൻ ബാനറുകൾ കപ്പേളയുടെ റീമേക്ക് അവകാശങ്ങൾ നേടാൻ താൽപ്പര്യപ്പെടുന്നുണ്ട്.